Psalms 47

സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീൎത്തനം.

1സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ;
ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആൎക്കുവിൻ.
2അത്യുന്നതനായ യഹോവ ഭയങ്കരൻ;
അവൻ സൎവ്വഭൂമിക്കും മഹാരാജാവാകുന്നു.
3അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു;
താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നേ.
5ദൈവം ജയഘോഷത്തോടും യഹോവ
കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
6ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ;
നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
7ദൈവം സൎവ്വഭൂമിക്കും രാജാവാകുന്നു;
ഒരു ചാതുൎയ്യകീൎത്തനം പാടുവിൻ.
8ദൈവം ജാതികളെ ഭരിക്കുന്നു;
ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;
ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ;
അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
Copyright information for Mal1910